Dec 31, 2010

തിരയോട്


തിരയോടെനിക്കൊരുപാട്
ആരായാന്‍ ഉണ്ടായിരുന്നു
പതിയെ ഞൊറി കൂടി വരുന്ന
തിരകളില്‍ ഞാന്‍ എന്നെ
കാണുക ആയിരുന്നു .....
അകലെ കറുപ്പാണ്‌
അടിയില്‍ അഗാധത ആണ്
അങ്ങും ഇങ്ങും നിറഞ്ഞ
അനിശ്ചിതതത്വം ആണ്
എന്നിട്ടും നീ ....ഇത്ര
സുന്ദരമായി സന്തോഷകരമായി
ഒഴുകുന്നത് എങ്ങനെ എന്ന്
എനിക്കറിയണം ... അത്
അറിഞ്ഞിട്ടു വേണം
ഉത്തരമില്ലാത്ത ചോദ്യമായ
എന്‍റെ ജീവിതത്തിനു ഒരു
ഉത്തരം കണ്ടെത്താന്‍ .....

പരിഭവംപഴയ തെങ്ങ് ഇപ്പോഴും
                  അവിടെ ഉണ്ടാകും
പഴയ പടവുകളും
                  അവിടെ തന്നെ കാണും
പഴയ ഇടനാഴിയും
                   മാറാതെ ഉണ്ടാകും
പക്ഷെ ....പഴയ ഞാനും നീയും
                 എന്നേ  മരിച്ചില്ലേ .....

Dec 2, 2010

മഞ്ഞു തുള്ളി

മഞ്ഞു തുള്ളി അവളൊരു നാള്‍ 
സൂര്യനെ കണ്ടു കൊതിച്ചു 
അകം നിറഞ്ഞ പ്രേമ പരാഗങ്ങള്‍ 
അധരങ്ങളില്‍ പകരാന്‍ കൊതിച്ചു 
പ്രിയനവന്റെ സ്നേഹ കിരണങ്ങള്‍ 
മെയ്യില്‍ ഏറ്റുവാങ്ങി മഴവില്ല് 
വിടര്‍ത്താന്‍ മനം തുടിച്ചു 
അണിഞ്ഞൊരുങ്ങി അവളെന്നും
അതിരാവിലെ അരികിലെ 
ഇലത്തുമ്പില്‍ എത്തി നോക്കും
അവനുയരുന്നതും കാത്ത്......
കാത്തിരിക്കുന്ന കാമിനിയെ 
ചേര്‍ത്ത് പിടിച്ച്‌  ഒന്ന് ചുംബിച്ചു-
 ണര്‍ത്താന്‍ കള്ള കാമുകനും കൊതിച്ചു 
പക്ഷെ അവനെത്തും മുന്‍പേ 
അവരടുക്കും മുന്‍പേ പാവം 
അവളുരികി തീരും അവന്‍റെ ചൂടിനാല്‍ .... 

മുഖം മൂടികള്‍

മുഖം മൂടികള്‍ വില്‍ക്കുന്ന കടയില്‍വല്ലാത്ത തിരക്ക്
ആണല്ലോ ?മുഖമുയര്‍ത്തിഞാന്‍ ഒന്ന് എത്തി നോക്കി
പണ്ഡിതനും പതിവ്രതയും പാമരനും പാതിരിയും
വിദ്യാര്‍ഥിയും അധ്യാപകനും മുസ്ലിയാരും എന്നുവേണ്ട
സകലരും ഒന്നിച്ചുണ്ടല്ലോ ,ഞാനും കടയില്‍ കയറി നോക്കി
പണ്ഡിതന്‍റെതു  വേണ്ടാത്തൊരു പാമരനാം അക്രമിക്ക്
പതിവ്രതയുടെത് വേണ്ടത് സ്ഥലത്തെ പ്രധാന വേശ്യക്ക്
വേറെയും ഉണ്ട് പലതരത്തില്‍ സ്പെഷ്യല്‍ ഇനങ്ങള്‍
സ്നേഹം തുളുമ്പുന്ന ഒരു മുഖംമൂടി , ഗൗരവം നിറഞ്ഞ മറ്റൊന്ന്
സങ്കടം തോന്നുന്ന ഒന്ന് , ബുദ്ധി ജീവികള്‍ക്ക് പ്രത്യേകമോന്ന്
കരയുന്ന മുഖത്തിന്‌ വേണ്ടി തിരക്കുകൂട്ടുന്ന പിച്ച തൊഴിലാക്കിയവര്‍
സ്വാമിയുടേത് വേണ്ടത് തെണ്ടി തിരിഞ്ഞു നടന്നിരുന്ന അവിവേകിക്ക്
കൂട്ടത്തില്‍ മാറ്റിയെടുക്കലും തകൃതിയായി നടക്കുന്നു
"ഇന്നലെ വരെ പണ്ഡിതനായിരുന്നു പോരാ ഇനി ജന സേവകന്‍റെത് വേണം "
ശബ്ദം കേട്ട് നോക്കുമ്പോള്‍ ആ മൂലയില്‍ അതിലേറെ തിരക്കാണ്
കാമുകിമാരുടെതിനും കാമുകന്മാരുടെതിനും നല്ല ആവശ്യക്കാരുണ്ട്
അപ്പോളാണ് ഭാര്യ നേരെത്തെ ചെല്ലാന്‍ പറഞ്ഞത് ഓര്മ വന്നത്
വേഗം നടക്കുന്നതിനിടയില്‍ വഴിയില്‍ പലരെയും കണ്ടു ഞാന്‍ പക്ഷേ .. 
ഇവരെല്ലാം ശരിക്കും ഇവര്‍ തന്നെ ആണോ ? അതോ മുഖം മൂടിക്കാരോ 
ഞാന്‍ കണ്ണടച്ച്  നടന്നു പക്ഷെ ഒരു സംശയം എന്‍റെ ഭാര്യയും ഇത് പോലെ ....

Nov 13, 2010

മോഹം

ആകാശത്തിനും ഭൂമിക്കും ഇടയിലെ ആ ശൂന്യത ഒന്ന് ആസ്വദിക്കാന്‍ ഉള്ളില്‍ അതിയായ മോഹം .... യന്ത്രങ്ങളുടെ സഹായമില്ലാതെ പൂര്‍ണമായി ആ ശൂന്യത ഒന്ന് അറിയണം ...  .പക്ഷികളെ പോലെ ..... അവിടെ ആണല്ലോ പക്ഷികള്‍ സ്വാതന്ത്രം  ആഘോഷിക്കുന്നത് ...ഞാനും ചിറകില്ലാതെ അവരെ പോലെ .....  എന്തൊരു അനുഭൂതി ആയിരിക്കും ...  കൂടുതലൊന്നും ആലോചിക്കാതെ അടുത്ത് തന്നെ ഉള്ള അംബരചുംബിയായ ആ കെട്ടിടത്തില്‍ കയറി താഴേക്ക് ചാടി.... ആ ഹാ ഹാ ... അത്രയേ പറയാന്‍ സാധിച്ചതുള്ളൂ .... അതില്‍ പിന്നെ എന്‍റെ ശരീരം ഭൂമിക്ക് അടിയിലെക്കും ആത്മാവ് ആകാശത്തിനു മുകളിലേക്കും താമസം മാറ്റി .....

Nov 10, 2010

എനിക്ക് പറയാനുള്ളത്


ദൈവത്തോട്
ദൈവമേ ....കഴിഞ്ഞ ജന്മത്തില്‍
ഞാന്‍ എന്തെങ്കിലും കൊടും
പാപങ്ങള്‍ ചെയ്തിരുന്നോ ? ഇന്ന് -
ഇത്രക്ക് ശിക്ഷിക്കാന്‍ മാത്രം .......
വിധിയോട്
ക്രൂരത എന്നത് മാനുഷിക
വികാരം മാത്രമല്ല അല്ലേ ?
അത് കൊണ്ടല്ലേ നീ എന്നോട്
ഇത്ര ക്രൂരനായി പെരുമാറുന്നത്
ജീവിതത്തോട്
നിന്നോടെനിക്കൊരു പ്രിയവുമില്ല
അല്ലെങ്കിലും പ്രിയങ്കരമായത്
എന്താണ് നീ എനിക്ക് തന്നിട്ടുള്ളത്
പിന്നെ വിട പറയും വരെ നിന്നെ
സഹിക്കാതെ വയ്യല്ലോ ...?
സ്വപ്നങ്ങളോട്‌
ക്ഷമിക്കണം ,എന്‍റെ ഉള്ളില്‍
ജനിച്ചത് നിങ്ങളുടെ നിര്‍ഭാഗ്യം
അത് കൊണ്ടല്ലേ ചിറകില്ലാതെ
മണ്ണില്‍ ഇഴഞ്ഞു നീങ്ങി
വിണ്ണില്‍ പറക്കുന്ന കൂട്ടരേ
നിസ്സഹായതയോടെ നോക്കി
നില്‍ക്കേണ്ടി വന്നത് .....
സ്വന്തത്തോട്‌
കടല്‍ അഗാതമാണ്
കാറും കോളും കൊടുങ്കാറ്റും
യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്
നിന്‍റെ ചെറു വഞ്ചിയും
നിന്നെ ചതിച്ചേക്കും..
എന്നാലും നീ തുഴയണം
തുഴഞ്ഞു കൊണ്ടിരിക്കണം
കാണാത്ത കര തേടി ....
തുഴഞ്ഞു കൊണ്ടിരിക്കണം

Nov 8, 2010

മാപ്പ്

എന്‍റെ ഹൃദയം നീ കീറി മുറിച്ചപ്പോളാണ്    
നിന്‍റെ സ്വപ്നത്തിന്‍റെ കണക്കുകള്‍
നീ കുറിച്ചിട്ട നിന്‍റെ കണക്കു പുസ്തകം
ഞാന്‍ ചീന്തി എറിഞ്ഞത് ....
അറിയാമായിരുന്നു എനിക്ക്  അത്
നിന്‍റെ ഹൃദയം തന്നെ ആയിരുന്നെന്ന് 

മുമ്പേ നിന്നെ ഏല്‍പിച്ച എന്‍റെ ഹൃദയത്തില്‍
നീ തന്നെ കഠാര ഇറക്കിയപ്പോള്‍ ഉണ്ടായ
തീവ്ര ദുഃഖം  അല്ലെങ്കില്‍
ഞാന്‍ തഴയപ്പെടുന്നു എന്ന തോന്നലില്‍
നിന്നുയര്തെഴുന്നേറ്റ പ്രതികാര ദാഹം;
നിന്‍റെ സ്വപ്നങ്ങളുടെ നട്ടെല്ലില്‍ തന്നെ
ക്ഷതമേല്‍പ്പിച്ച് നിന്നില്‍  തീരാ വേദനയുടെ 
കരിനിഴല്‍ വീഴ്ത്താന്‍ ഞാന്‍കണ്ട  ന്യായങ്ങള്‍ .. 

പിന്നീട് പലപ്പോഴായി നീ തന്നെ പുരട്ടി തന്ന 
സ്നേഹാമൃതം കൊണ്ടെന്‍റെ മുറിവുണങ്ങിയിട്ടും
സുഹൃത്തേ മായ്ക്കാനാവാതെ ആ മുറിവുകള്‍ 
നിന്നില്‍ മാറാതെ നീറുന്നുന്ടെന്നരിറിയുന്നതില്‍
നീറുന്നുണ്ട്  എന്‍റെ ഹൃദയവും  അറിയാതെ 

മരുന്നായോന്നുമില്ല എന്‍റെ കൈകളില്‍
നിന്‍ മനസിലെ മുറിവില്‍ പുരട്ടാന്‍
മാപ്പ് തേടുന്ന എന്‍റെ ഈ ഹൃദയമല്ലാതെ
പ്രായശ്ചിത്തമായിട്ടെന്തു   നല്‍കും  ഞാനിന്ന്
എന്‍ കരളില്‍ നിന്നു പറിച്ചെടുത്ത
കരയുന്ന ഈ കവിതയല്ലാതെ ......

Oct 26, 2010

ജീവിതം

ജീവിതം ഒരു കടം വീട്ടലാണ്
വെറും കടം വീട്ടല്‍ മാത്രം
ആദ്യമായി ദൈവത്തോട്
ആയുസ്സ് നല്‍കിയതിന്‍റെ -
മുഴു നീള കടം വീട്ടല്‍
പിന്നെ മാതാപിതാക്കളോട്
ജന്മം  നല്‍കിയതിന്‍റെ 
 വളര്‍ത്തി വലുതാക്കിയതിന്‍റെ
തീര്‍ത്താല്‍ തീരാത്ത കടം
പിന്നെ ജീവിത വഴിയില്‍ കടം
വീട്ടാനുള്ളവര്‍  വേറെയുമുണ്ട്
ഉടപ്പിറപ്പുകള്‍ , കൂട്ടുകാര്‍
ഗുരുക്കന്മാര്‍ , നാട്ടുകാര്‍
എല്ലാവരോടും പലതിന്റെയും
കടങ്ങള്‍ വീട്ടെണ്ടതുണ്ട്
പിന്നെ പ്രിയപ്പെട്ട   ഭാര്യയോട്
താലികെട്ടിയതിന്‍റെ കടംവീട്ടല്‍
സ്വന്തം സന്താനങ്ങളോട്
ജനിപ്പിച്ചതിന്റെ കടം വീട്ടല്‍
ഒടുവില്‍ ഒരുനാളില്‍  നാം 
കാലാവധി തീര്‍ന്ന് മടങ്ങുമ്പോള്‍ 
തീരാത്ത കടങ്ങള്‍ മാത്രം ബാക്കിയാവും 
നമ്മെ നോക്കി ജനം പരിതപിക്കും 
ജീവിക്കാന്‍ മറന്ന മനുഷ്യന്‍ ......

Sep 27, 2010

കറവപ്പശുക്കള്‍


ആരോ പറഞ്ഞു പ്രവാസികള്‍
കറവപ്പശുക്കള്‍  ആണെന്ന്
പാല്‍ നല്‍കാന്‍ വേണ്ടി മാത്രം
ജീവിച്ചു  മരിക്കുന്നവര്‍

അകിടിന്റെ വേദനയോ
പശുവിന്റെ മനസ്സോ
കറവക്കാരന് വിഷയമല്ലല്ലോ
ആവിശ്യത്തിന് പാല്‍ കിട്ടണം
ആവശ്യം കൂടിയാല്‍
പാല്‍ കൂടണം അത്ര തന്നെ

അറിയുക പലപ്പോഴും അത്
ചുരത്തുന്നത് അതിന്‍റെ
രക്തം തന്നെയാണ് അതില്‍    
കണ്ണുനീര്‍ കൂടി കലര്‍ത്തി 
 അവരതിന്‍ നിറം മാറ്റി
 വെളുപ്പാക്കുന്നു ...നമ്മളത് 
ആര്‍ത്തിയോടെ മോന്തുന്നു ...മസാല ദോശ


ഇന്നും ഞാനൊരു മസാല ദോശ കഴിച്ചു
എന്തോ ദോശക്ക് പഴയ രുജി പോരാ
മസാല കൂടുതലാണ് നെയ്യ് കൂടുതലാണ്
വിലയും വലിപ്പവും കൂടുതലാണ്
എന്നിട്ടും ദോശക്ക് പഴയ രുജി പോരാ
അന്ന് നമ്മുടെ സൌഹൃതത്തിന്റെ നെയ്യ്
പുരട്ടിയ , സ്നേഹത്തിന്റെയും പരസ്പര
വിശ്വാസത്തിന്റെയും ചട്ടിണിയില്‍ മുക്കിയ
ദോശ ആയതിനലാകണം അത്ര രുജി.....
അറിയാതെ ഞാന്‍  മറുപുറം നോക്കി
ഏതോ ബംഗാളി ആര്‍ത്തി കാട്ടി ദോശ തിന്നുന്നു
ഇന്ന് ബില്ലടച്ചപ്പോള്‍ മുന്‍പില്ലാത്ത ഒരു നിരാശ 
അന്ന് വില കൂട്ടിയിരുന്നത് സൌഹൃദത്തിനായിരുന്നല്ലോ 
ഇന്ന് ഞാന്‍ ബാക്കി വെച്ച ദോശ കഷ്ണം 
പാത്രത്തില്‍ അനാഥമായി കിടന്നു 
ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ വയര്‍ 
നിറഞ്ഞിരുന്നില്ല  പക്ഷേ  ആത്മാര്‍ത്ഥ
സുഹൃത്തിന്‍റെ ഓര്‍മകളാല്‍ മനം നിറഞ്ഞിരുന്നു 

Sep 25, 2010

പരിഷ്കാരം

അന്ന് 
  നാണം മറക്കാന്‍ ഒന്നും കിട്ടാത്തപ്പോള്‍ 
പച്ചില കൊണ്ട് നാണം മറച്ചവര്‍ 
അപരിഷ്ക്രിതര്‍ .... 
ഇന്ന് 
നീളം കുറയുന്തോറും വില 
കൂടുന്ന വസ്ത്രം വന്‍ വില 
കൊടുത്ത് വാങ്ങി ധരിച്ച്
 നഗ്നരായി നടക്കുന്നവരോ 
 പരിഷ്കൃതരും
നാണമില്ലാത്ത  ലോകം  

പീഡനകാലം

അച്ഛന്‍ മകളെ , മകന്‍ അമ്മയെ ,
സഹോദരന്‍ സഹോദരിയെ 
ബാലന്‍ വൃദ്ധയെ വൃദ്ധന്‍ ബാലികയെ 
കാമുകന്‍ കാമുകിയെ  ....അങ്ങനെ അങ്ങനെ ...
  പത്രങ്ങളായ പത്രങ്ങളിലും  ചാനലുകളിലും 
പീഡന വാര്‍ത്തകള്‍ വീര്‍ത്തു വീര്‍ത്തു വന്നു 
സാഹിത്യം കലര്‍ത്തി എഴുതി നിറക്കാന്‍ 
സ്വ ലെ മാര്‍ മത്സരിച്ചു കൊണ്ടിരുന്നു 
ചാനലുകാര്‍ വാര്‍ത്തകള്‍ ആഘോഷിക്കുന്നു 
കഥകള്‍ക്ക് ദൃശ്യാവിഷ്കാരം വരെ നല്‍കി 
ഒരു മുഴു നീള(നീല) വാര്‍ത്ത‍ ചാനല്‍ 
പ്രതിയായവന്‍ ചിരിച്ച് സുന്ദരനായി 
പ്രത്യക്ഷപ്പെടുന്നു ,അവന്‍റെ വീര കഥകള്‍ 
ചായപീടികയിലും ഓഫീസ് മുറികളിലും 
വിദ്യാലയങ്ങളിലും വരെ  ചര്‍ച്ച വിഷയമായി .....
കാര്യങ്ങള്‍ അങ്ങനെ പുരോഗമിക്കുമ്പോള്‍ 
സ്ഥിരമായി വാര്‍ത്ത‍ വായിക്കുകയും 
കേള്‍ക്കുകയും ഇപ്പോള്‍ കാണുകയും 
ചെയ്യുന്ന അയാള്‍ക്ക്  ഒരു തോന്നല്‍  
ആരെക്കിട്ടില്‍ ഒരു തിരയിളക്കം 
അവന്‍ ഇറങ്ങി നടന്നു  ...കാമാവേഷതോടെ 
ഒരു അയല്‍ക്കാരിയെ തേടി ഒരു അകന്ന 
ബന്ധുവിനെ തേടി യൊരു ബാലികയെ തേടി 
ഒരു  വൃദ്ധയെ തേടി ....ആരെയും 
കിട്ടിയില്ലേല്‍ പിന്നെ സ്വന്തം  ..............നെ തേടി  ..
 വിട്ട ഭാഗം  പൂരിപ്പിക്കാന്‍ എനിക്കാവില്ല 
കാരണം അത് ആരുമാകാം    ആരും !!!!. ..

തോല്പിക്കപ്പെടുന്ന ദൈവം

അന്ത്യ നാള്‍ വരെയുള്ള  ദൈവത്തിന്‍റെ അടിമകളെ മുഴുവന്‍ ഞാന്‍ വഴിപിഴപ്പിക്കും എന്ന ശപഥം ചെയ്ത ഇബലീസ് അതിനു മുന്‍പേ പരലോകത്തില്‍ എത്തിയത്  കണ്ടപ്പോള്‍ ദൈവം ചിരിച്ചു കൊണ്ട് പറഞ്ഞു " എന്ത് പറ്റി ? നിന്‍റെ ശപഥം നീ മറന്നു പോയോ ?  എനിക്കറിയാമായിരുന്നു  നീ തോല്‍വി സമ്മദിക്കുമെന്ന് .എന്തായാലും പരാജയം സമ്മതിച്ച് നീ തിരിച്ചു വന്നല്ലോ?..... ദൈവം മുഴുമിക്കുന്നതിനു മുന്‍പേ ഇബലീസ് അട്ടഹസിക്കാന്‍ തുടങ്ങി പരിഹാസത്തോടെ.. എന്താ പറഞ്ഞത്  തോറ്റു തിരിച്ചെത്തി എന്നോ?   ആകാംഷയോടെ നോക്കിയാ ദൈവത്തോട് ഇബലീസ് തുടര്‍ന്നു ഇനിയും ഭൂമിയില്‍ ഞാന്‍ കഷ്ടപ്പെട്ട് പണി എടുക്കേണ്ടതില്ല ..ഇനി എനിക്ക് വിശ്രമിക്കാം ഞാന്‍ ഇല്ലേലും നിന്‍റെ അടിമകളെ വഴി തെറ്റിക്കാന്‍ നിന്‍റെ അടിമകളായ എന്‍റെ അനുയായികള്‍ അവിടമാകെ നിറഞ്ഞു കവിഞ്ഞു ഞാന്‍ ചെയ്യുന്ന പണി ഇനി  അവര്‍ എടുത്തോളും ലോകം അവസാനിക്കും വരെ .....ഹ  ഹാ ഹാ . ഇബലീസിന്റെ വിജയ  പ്രഖ്യാപനം കേട്ട് ദൈവം അന്താളിച്ച്  നിന്നു......ഒരു നിമിഷം  ....എന്ത് ചെയ്യണം എന്നറിയാതെ ...... 

Sep 8, 2010

ആഡംബരം

ഒരു ഫോട്ടോ എടുക്കണം.. സര്‍വാഭരണ വിഭൂഷിണിയായി...... ചിരിച്ചു സുന്ദരമാക്കിയ മുഖം തിളങ്ങണം ...... പളപളാ മിന്നണം വസ്ത്രങ്ങള്‍ .... കാണുന്നവര്‍ പറയണം ജീവിച്ചിരുന്നപ്പോള്‍ അവള്‍ എത്ര സുന്ദരിയായിരുന്നു എന്ന്....

Sep 7, 2010

രാഷ്ട്രീയക്കാരന്‍


" വെളുത്ത ഖദറിന്‍റെ ഒത്ത നടുവില്‍ അഥവാ ഹൃദയത്തിന്‍റെ  ഭാഗത്ത്  ഒരു കറുത്ത കറ!   എത്ര കഴുകിയിട്ടും പോകുന്നില്ല എന്ന് മാത്രമല്ല ദിനേന  കൂടി കൂടി വരികയും ചെയ്യുന്നു .......' നേതാവ് പരാതി പറഞ്ഞു .."എങ്ങനെ കറ വരാതിരിക്കും ഹൃദയത്തില്‍ നിറയെ കറുപ്പല്ലേ ,നിറഞ്ഞു കവിഞ്ഞപ്പോള്‍ ഒഴുകിപ്പരക്കുകയാവും...."  ഞാന്‍ മനസ്സില്‍ പറഞ്ഞു . 

വിധി"ഒരു നിമിശത്തെ അശ്രദ്ധ ഒരായുസിന്‍റെ കണ്ണീര്‍ " ട്രാഫിക്‌ അറിയിപ്പ് വായിച്ച ഡ്രൈവറുടെ ശ്രദ്ധ ഒരു നിമിഷം പിഴച്ചു.ബസ്‌ കൊക്കയിലേക്ക് മറിഞ്ഞു . .....ഒരുപാട് ആയുസ്സുകള്‍ 
കണ്ണീരിലായി 

Aug 29, 2010

മൂകന്‍

ചുറ്റിലും കറു കറുത്ത 
ഭീകരമായ കാഴ്ചകളാണ് 
അതിനാലാണ് ഞാന്‍ കണ്ണുകള്‍ 
ഇറുക്കി അടച്ചത് 
 എതിര്‍ത്തൊന്നുരിയാടാന്‍ 
എന്‍നാവ് കൊതിക്കാഞ്ഞിട്ടല്ല. 
 അട്ടഹസങ്ങള്‍ക്കിടയില്‍ ഞാന്‍
 വെറും ചെറുശബ്ദം ആയിപ്പോവും 
അതിനാല്‍ ഞാന്‍  സ്വയം  
വായ്‌മൂടിക്കെട്ടി  നിശബ്ദനായി ..


കാതില്‍ അലച്ചെത്തുന്നത്  
വൃത്തികെട്ട വാര്‍ത്തകളും 
ദീനരോധനങ്ങളും മാത്രമാണ് ഇനിയും 
കേട്ടു  നില്ക്കാന്‍ ആവാത്തതിനാലാണ് 
ഞാന്‍ ചെവി പൊത്തിപ്പിടിച്ചത് ..
                                         
 കൈകള്‍സ്വതന്ത്രമാക്കിയാല്‍
 അറിയാതെ  പ്രതികരിച്ചു പോകും  
 അതപകടമാണ്‌ അതിനാലാണ്  കൈകള്‍
 തലയില്‍ ചേര്‍ത്ത് കെട്ടിവെച്ചത് 
  കൈയും തലയും സുരക്ഷിതമാണ് 
  എന്ന് ഉറപ്പിക്കുകയുമാവാം ...


എന്നിട്ട്  ഞാന്‍ ഉറക്കെ ഉറക്കെ 
വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു 
 ഇവിടം  ശാന്തമാണ്‌ ....
സുന്ദരമാണ് .....സുരക്ഷിതമാണ് .......
                                       കാപ്പാടന്‍ 

Aug 23, 2010

പട്ടങ്ങള്‍

 ഞാന്‍ പറത്തുന്ന പട്ടങ്ങള്‍ 
ഉയരെ പറന്നു ഒടുവില്‍ 
സൂര്യനെ ചുംബിച്ച് .....
 തിരിച്ച വരണം എന്നാണ് -
എന്‍റെ ആഗ്രഹം ....പക്ഷെ 
ഉയര്‍ന്നു തുടങ്ങുമ്പോഴേ...
ആരാണതിന്‍ ചരടറുക്കുന്നത്...?
കാറ്റിന്‍റെ ചതിയില്‍ പെട്ട് 
ഗതിയറിയാതെ അലയുന്നുണ്ടാകും
പാവം എന്‍റെ പട്ടങ്ങള്‍ 
പലതും മൂക്കും കുത്തി
മണ്ണില്‍ പതിച്ചു കഴിഞ്ഞു 
പൊട്ടിയ ചരടിന്‍റെ ശിഷ്ട -
ഭാഗവും കയ്യിലേന്തി താഴെ 
മണ്ണില്‍ ഞാന്‍ നിന്ന് തേങ്ങുന്നു 
ഇനിയെന്ത് ചെയ്യും....?

Aug 16, 2010

കുന്നിക്കുരു

കുന്നിക്കുരു
അതിന്ടെ കറുപ്പ് എനിക്ക്
എന്ടെ ദുഖങ്ങള്‍ ആണ് 
കറുപ്പിനെ വിഴുങ്ങുന്ന 
തെളിഞ്ഞ ചുവപ്പ് എനിക്ക് 
എന്ടെ സന്തോഷങ്ങളാണ് 
അത് കൊണ്ടാണ്
 കുന്നിക്കുരുവിനെ 
ഞാന്‍ എന്ടെ ഹൃദയത്തോട്  
ചേര്‍ത്ത് വെച്ചത്  , അല്ല  
എന്ടെ ഹൃദയം തന്നെ ആക്കിയത് 
ഇനി കറുപ്പിനെ ചുവപ്പ് 
വിഴുങ്ങി തീര്‍ന്ന്
കുന്നിക്കുരു പൂര്‍ണ
 ചുവപ്പകുന്നതും 
കാത്തിരിക്കയാണ്‌
 ഈ പാവം വിഡ്ഢി