Mar 30, 2011

ഓര്‍മ


ഓര്‍ത്ത്‌ ഓര്‍ത്ത്‌
ഒരുപാട് ഓര്‍ത്ത്‌
എന്‍ മനം മരവിച്ചു
മരവിപ്പിന്‍ സുഖാ-
നുഭൂതിയില്‍ ആ
മുഖം ഞാന്‍ മറന്നു
-------------------------------------------------------------------------------------------
കൊല്ലങ്ങള്‍ക്ക് മുമ്പ് എന്‍റെ ആദ്യ ഡയറിയുടെആദ്യ പുറത്തില്‍ ഞാന്‍ കുറിച്ചിട്ട എന്‍റെ ആദ്യ കവിത ...അല്ല കവിത എന്ന് പറഞ്ഞു കൂടാ ... ആദ്യ വരികള്‍ ... ഒരു പത്താം ക്ലാസ്സുകാരന്‍റെ വെറും വാക്കുകള്‍... അങ്ങനെ കണ്ടു വായിക്കുക 

Mar 28, 2011

തൂമ്പ


വാരിക്കൂട്ടലായിരുന്നു ജീവിതം
മണ്ണിന്‍റെ മാറ് പിളര്‍ന്നും
മണ്ണിരകളുടെ പാതി മുറിച്ചും
മരങ്ങളുടെ ഞരമ്പറുത്തും
ഒരു പാട് വാരികൂട്ടി
ഒടുവില്‍ വക്കുപൊട്ടി
തുരുമ്പ് എടുത്ത്
പിടി ഒടിഞ്ഞ്‌
ഈ മൂലക്കിരിക്കുമ്പോള്‍ 
പെറുക്കിക്ക് പോലും 
വേണ്ടാതിരിക്കുമ്പോള്‍
പറ്റിപിടിച്ച ഇത്തിരി 
മണ്ണ് മാത്രം ഉണ്ട് കൂട്ടിന്..
ഇത്തിരി മണ്ണ് മാത്രം   

Mar 26, 2011

പോക്ക്രാച്ചി


പാട വരമ്പത്തൊരു
പോക്ക്രാച്ചി തവള
കരഞ്ഞിരിപ്പുണ്ട്
വയല്‍ നികത്തിയവര്‍
പുനരധിവാസം
സാധ്യമാക്കിയില്ല പോലും 
പോകാന്‍ പാര്‍ക്കാന്‍ 
മറ്റൊരിടം ബാക്കിയുമില്ലത്രേ 
പാടവരമ്പുകളില്‍ ഇനിയും 
പോക്ക്രാച്ചികള്‍ കരയും 
വേനലിലും ചൂടിലും 
മകരകുളിര്‍ മഞ്ഞിലും 
മഴയ്ക്ക് മുന്‍പേ  അവ 
മരിച്ചു തീരും വരെ....

Mar 23, 2011

വര്‍ണവെറികറുപ്പിനെ കളിയാക്കി ചിരിച്ച 
വെളുത്ത വെള്ളകൊക്കി നോട്‌ 
കറുത്തിരുണ്ട കാക്ക പറഞ്ഞു 
എന്നാലും എന്‍റെ കാഷ്ടത്തിന്‍റെ
നിറമാണല്ലോ നിനക്ക്.... കഷ്ടം...

Mar 5, 2011

കരുണ ഇല്ലാത്ത അരണ


പതിവ് പോലെ .ഉച്ചക്ക് ജോലി കഴിഞ്ഞു റൂമിലേക്ക് ഇറങ്ങിയതായിരുന്നു. . പൊള്ളുന്ന ചൂടില്‍ ഈ മരുപ്പറമ്പില്‍ ഇങ്ങനെ ഉരുകി ജീവിക്കാന്‍ ഇനി വയ്യ നിറുത്തണം .. ഓരോന്ന് ആലോചിച്ച്‌ നടക്കുക ആയിരുന്നു .. അപ്പോഴാണ് ആ കാഴ്ച കണ്ടത് ... ഒരു അരണ .. നാട്ടില്‍ നിന്ന് പോന്നതിനു ശേഷം ഒരു  അരണയെ കാണുന്നത് ഇത് ആദ്യമാണ് .. അതിനാലാവണം കൌതുകം തോന്നി .. നാട്ടിലെ അരണയെ പോലെ അല്ല മഞ്ഞ നിറത്തില്‍ ഭംഗിയുള്ള പുള്ളികള്‍ ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരന്‍  ( എന്ത് കണ്ടാലും നാട്ടിലേക്ക് താരതമ്യം ചെയ്യുക എന്നത് പ്രവാസികളുടെ ഒരു പൊതു സ്വഭാവം ആണ് ക്ഷമിക്കുക ) എന്നെ കണ്ടിട്ടാവണം അവനും എന്നെ തന്നെ സൂക്ഷിച്ചു നോക്കി അനങ്ങാതെ നില്‍ക്കുകയാണ് .. "അരണ കടിച്ചാല്‍ ഉടനെ മരണം " . പണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍ പറഞ്ഞു കേട്ടിരുന്ന ആ കാര്യം എന്‍റെ ഓര്‍മയിലേക്ക് അറിയാതെ ഓടിയെത്തി  . അത് സത്യം തന്നെ ആണെന്നാണ് അന്ന് വിശ്വസിച്ചിരുന്നത് .. തെറ്റാണെന്ന് ഇപ്പോഴും ഉറപ്പില്ല ആപ്പോള്‍ ചിലപ്പോള്‍ സത്യമാവും ... ഒരു പക്ഷെ ഇവന്‍ ഇപ്പോള്‍ എന്നെ കടിച്ചാല്‍ ഞാന്‍ മരിച്ചേക്കാം.എന്നാല്‍ ഒന്ന് ശ്രമിച്ചു  നോക്കിയാലോ  ഞാന്‍ ചിന്തിച്ചു ...ജീവിതം മടുത്തിരിക്കുന്നു എന്റെ സ്വപ്‌നങ്ങള്‍ ഒന്നും ഇത് വരെ പൂവണിഞ്ഞിട്ടില്ല എന്നും കഷ്ടപ്പാടും സങ്കടങ്ങളും മാത്രം ..  ഒരു നല്ല ജോലി ഇല്ല പണം ഇല്ല ഒന്നും ഇല്ല കുറെ പ്രാരാബ്ദങ്ങള്‍ മാത്രം ഉണ്ട് കൂട്ടിന്‌ . വീട്ടാനാകാത്ത അത്രക്ക് കടം ഉണ്ട് വീട്ടി തീര്‍ക്കാന്‍ .. പിന്നെ വീട് ചോര്‍ന്നു ഒലിക്കുന്നതാണ് അത് നന്നാക്കണം സഹോദരിമാരെ കെട്ടിച്ചയക്കണം അങ്ങനെ നീളുന്നു ആ ലിസ്റ്റ് .. എന്നാല്‍ നല്ലൊരു ജോലിയും കിടുന്നില്ല അതെങ്ങനെ കിട്ടും പഠിക്കേണ്ട കാലത്ത് പഠിക്കാന്‍ പറ്റിയിട്ടു വേണ്ടേ . അപ്പോളും പ്രാരാബ്ദം വഴി മുടക്കി കൂടെ പഠിച്ചവര്‍ എല്ലാം പഠിച്ച് ഒരു നിലയില്‍ എത്തി . നാട്ടില്‍ നില്ക്കാന്‍ കഴിയാത്തപ്പോള്‍ ആണ് ഇങ്ങോട്ട് വിമാനം കയറിയത് . കടം ഒന്ന് കൂടി കൂടി അത്ര തന്നെ . പന്ത്രണ്ട്‌ പതിനാല് മണിക്കൂര്‍ ജോലി പിന്നെ അയാളുടെ ചീത്ത പറച്ചിലും വയ്യ ഇങ്ങനെ ജീവിച്ചിട്ടെന്തു കാര്യം .. മരിക്കുക തന്നെ ആണ് നല്ലത്. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം എന്തായാലും ഇല്ല . അരണ കടിച്ചു മരിച്ചാല്‍ പിന്നെ കുഴപ്പമില്ലല്ലോ ?.. ഞാന്‍ കണ്ണടച്ച് അവന്‍റെ അടുത്തേക്ക് നീങ്ങി നിന്നു..എന്തായാലും മരിക്കുക അല്ലേ മനസ്സില്‍ ആകെ ഒരു  പരിഭ്രമം .. ഇത് വരെ ജീവിച്ചിരുന്ന ലോകം ഇതാ എനിക്ക് അന്യമാകാന്‍ പോകുന്നു ..ഉമ്മ, വീട്ടുകാര്‍ ,കൂട്ടുകാര്‍ എല്ലാവരെയും ഒന്ന് കൂടി മനസ്സില്‍ ഓര്‍ത്തു .. ഗള്‍ഫിലേക്ക് പോരുന്ന ദിവസം എനിക്ക് വേണ്ടി എത്ര കാലവും കാത്ത് നില്‍ക്കാം എന്ന് വാക്ക് തന്ന അവളെയും ഞാന്‍ ഓര്‍ത്തു അവള്‍ ഇന്ന് വേറെ ഒരുത്തന്‍റെ ഭാര്യ ആണെന്നരിഞ്ഞിട്ടും ....സങ്കടപ്പെടാന്‍ വേണ്ടി മാത്രം എനിക്ക് എന്തിനീ ജന്മം  ഞാന്‍ കണ്ണുകള്‍  ഇറുക്കി  അടച്ചു മരണ വേദന ഏറ്റു വാങ്ങാന്‍ മനസ്സുകൊണ്ട്  ഒരുങ്ങി ... അപ്പോള്‍ താഴെ മണലില്‍  ഒരനക്കം ഞാന്‍ ഉറപ്പിച്ചു അവന്‍ എന്നെ കടിക്കാന്‍ വേണ്ടി വരുകയാണ് .ഞാന്‍ ഇപ്പോള്‍ മരിക്കും  ഞാന്‍ ഒന്ന് കൂടി കണ്ണുകള്‍ ഇറുക്കി അടച്ചു .... പക്ഷെ ആ ശബ്ദം എന്നില്‍ നിന്നു അകന്നു പോകുന്നുവോ ? ഞാന്‍ പാതി മിഴി തുറന്നു നോക്കി പക്ഷെ അവനെ കാണുന്നില്ലല്ലോ ഞാന്‍ കണ്ണ് തുറന്നു ചുറ്റും നോക്കി അതാ അവന്‍ .. ഒരു ചെറു ജീവിയുടെ പിന്നാലെ ഓടുന്നു .. ഇര പിടിക്കാന്‍ .. കരുണ ഇല്ലാത്ത അരണ .. അരണയെ ശപിച്ചു കൊണ്ട് ഞാന്‍ വീണ്ടും റൂമിലേക്ക് നടന്നു ഓരോന്ന് ആലോചിച്ച്‌ കൊണ്ട് തന്നെ ... പ്രാരാബ്ദങ്ങളെ ശപിച്ചു കൊണ്ടു തന്നെ ..... 

Mar 2, 2011

താടി


ആദ്യം കണ്ടത് 
ബാപ്പയുടെ താടി
ആയിരുന്നു 
കുസൃതി കാട്ടുമ്പോള്‍ 
കണ്ണുരുട്ടുന്ന  ബാപ്പയുടെ 
വിറയ്ക്കുന്ന താടി 
പിന്നെ താടി വെച്ച 
ഹെഡ് മാസ്റ്റര്‍ ആയിരുന്നു 
താടി കാണുമ്പോഴേ  
ഞങ്ങള്‍ വിറക്കുമായിരുന്നു 
എന്നാലും താടി 
എനിക്കിഷ്ടമായിരുന്നു 
മുഖത്തിന്‍റെ അലങ്കാരം 
ആണ് താടി എന്ന് ഞാന്‍ 
താടി വരാറായപ്പോള്‍
ഞാനും വെച്ചുഒരുഗ്രന്‍
താടി ഒരെണ്ണം
പക്ഷെ അന്നുമുതല്‍
എന്നെ എല്ലാവരും
സംശയത്തോടെ
നോക്കി തുടങ്ങി
എയര്‍പോര്‍ട്ടിലും മറ്റും
എന്നെ ഏറെ നേരം
 പരിശോധിക്കുന്നു
ഒടുവില്‍ ഇന്നലെ
പൊട്ടിയ ബോംബിന്റെ
ഉത്തരവാദിയെ തേടി
നടന്ന പോലീസിന്‍റെ
പിടി വീണതും
പാവം എന്‍റെ ഈ
ഇടതൂര്‍ന്ന താടിയില്‍
അറിയില്ലായിരുന്നെനിക്ക്
താടി ഇത്രക്ക്‌
ഭീകരന്‍ആണെന്ന്