Feb 28, 2011

ഉത്തരം










കൂട്ടിയും കിഴിച്ചും നോക്കി 
ഉത്തരം കിട്ടിയില്ല 
ഗുണിച്ചു നോക്കി 
ഹരിച്ചു നോക്കി 
അപ്പോഴും ഉത്തരം 
മാത്രം  കിട്ടിയില്ല 
എന്നിട്ടും ഞാന്‍ കണക്ക്
കൂട്ടി കൊണ്ടേ ഇരുന്നു 
തോല്‍വി  സമ്മതിക്കാതെ 
ഒടുവില്‍ ഒരുനാള്‍ 
ഉത്തരം കിട്ടി പക്ഷെ 
അന്ന് ഞാന്‍ മരിച്ചിരുന്നു 
ഉത്തരം കിട്ടിയത് 
ബാക്കിയുള്ളവര്‍ക്കായിരുന്നു 
ഉത്തരം അറിയേണ്ടേ 
ഉത്തരം  പൂജ്യം 

Feb 25, 2011

ആത്മഗതം

എന്‍റെ പ്രണയം 
മണലില്‍ എഴുതിയ 
കവിതകളായിരുന്നു 
ഒരു കുഞ്ഞു തിര തൊട്ടപ്പോള്‍ 
എല്ലാം ഒലിച്ചു പോയി 
ഇപ്പോള്‍  ശുദ്ധ ശൂന്യം 


എന്‍റെ ജീവിതം 
മിന്നാമിനുങ്ങിനെ പോലെ 
ഇത്തിരി വെട്ടം ഉണ്ട് കൂടെ 
പക്ഷെ അതെനിക്ക് മുന്നോട്ടുള്ള 
വഴികളില്‍ വെളിച്ചം വീശുന്നില്ല
പിന്നാലെ വരുന്ന പലര്‍ക്കും 
അത് വഴി വെളിച്ചം ആണത്രേ 
പക്ഷെ ഞാന്‍ ഇന്നും  എന്നും 
ഇരുട്ടില്‍ തപ്പുക തന്നെ ആണ് 

എന്‍റെ സ്വപ്നം 
ചരട് മുറിഞ്ഞ പട്ടങ്ങള്‍ ആണ് 
സൂര്യനെ ചുംബിക്കാന്‍ ഞാന്‍ 
പറത്തി ഉയര്‍ത്തി  വിട്ടതായിരുന്നു 
ഇപ്പോള്‍ കാറ്റിന്‍റെ കയ്യില്‍ 
ഗതി അറിയാതെ അലയുകയാണ് 
ഇനി ഏതെങ്കിലും മരച്ചില്ലയില്‍ 
തൂങ്ങി മരിച്ചേക്കാം, അല്ലെങ്കില്‍  
 ഏതെങ്കിലുംസമുദ്രത്തില്‍ വീണു 
മുങ്ങി മരിച്ചേക്കാം ... പാവം 

എന്‍റെ  മരണം 
ഇതെന്‍റെ ഒരു ആഗ്രഹമാണ് 
എന്‍റെ മരണം ഒരു ഹര്‍ത്താല്‍ 
ദിനത്തില്‍ ആകണം ....ആരും കാണാതെ 
ആരെയും കാണാതെ എനിക്ക് 
കുഴിയിലിറങ്ങി ഉറങ്ങണം സ്വസ്ഥമായി 
ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ 
ജീവിച്ചിരിക്കുന്നവരെ കാണുന്നത് 
എനിക്ക് ഇഷ്ടമല്ല ....... 



Feb 8, 2011

മയില്‍ പീലി കുഞ്ഞുങ്ങള്‍

  
വെളിച്ചം കാണിക്കാതെ
പുസ്തകത്തിലൊളിപ്പിച്ചാല്‍ 
പെറ്റുപെരുകുമെന്നു പറഞ്ഞു 
ആരും കാണാതെ സ്നേഹത്തോടെ 
നീ എനിക്ക് സമ്മാനിച്ച  ആ 
മയില്‍ പീലി പ്രസവിച്ചു 
പത്തു കുഞ്ഞുങ്ങള്‍ .....

എല്ലാം പെണ്‍കുഞ്ഞുങ്ങള്‍ 
ആയിരുന്നു  അതിനാല്‍ 
വെളിച്ചം കാണിക്കാതെ 
പുസ്തകത്തിനകത്ത് വെച്ച് 
തന്നെ ഞാന്‍ അവയെ കൊന്നു  

Feb 6, 2011

ഹന്‍ദല



നിങ്ങള്‍ ബോബനും മോളിയും                                      
കണ്ട്‌ മദിച്ചിരുന്നോളൂ
മിക്കി മൌസിനെയും 
ടോം ആന്‍ഡ്‌ ജെറിയെയും
ആഘോഷമാക്കികൊള്ളൂ 
അവരുടെ കുസൃതികള്‍ കണ്ട്
ഇളകിച്ചിരിച്ചിരുന്നോളൂ 
അകലെ പൊരുതുന്ന 
ഹന്‍ദലയെ നിങ്ങള്‍ കാണേണ്ട 
അവന്‍റെ വിശപ്പും ഭയവും 
നിങ്ങള്‍  അറിയുകയേ വേണ്ട 
അവന്‍റെ കരച്ചില്‍ നിങ്ങള്‍ 
കേള്‍ക്കേണ്ട അവന്‍റെ 
പോരാട്ടം നോക്കുകയേവേണ്ട 
അവനുവേണ്ടി മനസ്സറിഞ്ഞ്
ഒന്ന് പ്രാര്‍ത്ഥിക്കുകയോ
ഒന്നു ദുഖിക്കുകയോ ചെയ്യേണ്ട 
നിങ്ങള്‍ ഇരുന്നു ചിരിച്ചോളൂ
കണ്ണടച്ചിരുന്നു ചിരിച്ചോളൂ 
ഹൃദയം ഇല്ലാത്ത വിഡ്ഢികളേ

    
                                                         

              







------------------------------------------------------------------------------------------------

നാജി അലിയുടെ പ്രശസ്തമായ കാര്‍ട്ടൂന്‍ കഥാപത്രമാണ്‌  ഹന്‍ദല    അരാജകത്വത്തിലേക്ക് പിറവി കൊണ്ട പോരാട്ടത്തിന്‍റെ പ്രതീകമായ പ്രതീക്ഷയുടെ പുതു നാമ്പ് ആയ ഒരു ഫലസ്തീന്‍ കുഞ്ഞിന്‍റെ പ്രതീകാത്മക കാരിക്കേച്ചര്‍ .....

Feb 4, 2011

പ്രണയം



പണ്ടൊരു കണ്ണേറില്‍
തുടങ്ങിയതായിരുന്നു
 പ്രണയം  പതയുന്ന
  കത്തുകളായി പിന്നെ
പിന്നെ  നിലക്കാത്ത
ഫോണ്‍ വിളിയായി
പിന്നെ പിന്നെ കൂടെ -
കൂടെ കാണലായി
സിനിമയും പാര്‍ക്കും 
കടല്‍ തീരവുമായി 
പിന്നെ ഒരു നാളില്‍ ഒരു
രാത്രി  നമ്മളൊന്നായി  
പിന്നെയും പത്ത്‌ മാസം 
കഴിഞ്ഞപ്പോളെനിക്ക്
ഒരു കുഞ്ഞായി പക്ഷെ 
അതില്‍ പിന്നെ നിന്നെ 
ഞാന്‍ കണ്ടിട്ടേ ഇല്ല 
നീ  വിളിച്ചിട്ടേ ഇല്ല ഒരു 
            കത്തു പോലും അയച്ചിട്ടില്ല ......