Jan 21, 2011

ഭയംഎനിക്ക് ഭയമാണ്
പകലിനെ
കത്തുന്ന ഒരു പകലിലല്ലേ
പള്ളിക്കൂടത്തിന്‍റെ പിറകില്‍
എന്‍റെ മകള്‍ നഗ്നയായി
മരിച്ചു കിടന്നത് ......


എനിക്ക് ഭയമാണ്
ഇരുളിനെ
ഇരുളിന്‍റെ മറ പറ്റിയല്ലേ
എന്‍റെ വല്യുമ്മയുടെ
കാതും കയ്യും കഴുത്തും
മാനവും ആഭരണ തോടൊപ്പം
അവര്‍ അറുത്തെടുത്തത്


എനിക്ക് ഭയമാണ് 
നിലാവിനെ 
നനുത്ത നിലാവുള്ള ഒരു 
നിശാനേരത്ത് ഉത്സവം 
കാണാനിറങ്ങിയതായിരുന്നു 
എന്‍റെ മകന്‍  ബാല്യം 
വിടാത്ത മലര്‍ മൊട്ട്
കാമവെറി പൂണ്ട മൃഗങ്ങളുടെ 
ഒരു നേരത്തെ സുഗത്തിന്‍റെ ഇര 
ഒരു കുരുന്നു ജീവന്‍ ......


എനിക്ക് ഭയമാണ് 
മഴയെ നനഞ്ഞ് ഒലിച്ച 
ഒരു മഴ നേരത്ത് ഇത്തിരി 
നേരത്തേക്ക് കയറി നിന്നതല്ലേ
ആ കടത്തിണ്ണയില്‍ എന്‍റെ സഹോദരി
കാമ നായ്ക്കള്‍ കടിച്ചു വലിച്ച
നിലച്ച ആ ശരീരം ഞാന്‍ പെറുക്കി 
എടുത്തതും ഒരു കറുത്ത
 മഴയിലലിഞ്ഞുകൊണ്ടായിരുന്നു 


എനിക്ക് ഭയമാണ് യാത്രയെ 
ഏക സമ്പാദ്യം പെന്‍ഷന്‍  തുക 
വാങ്ങി മടങ്ങുന്ന യാത്രയിലല്ലേ 
എന്‍റെ സഹോദരനെ അവര്‍ 
കൊന്ന് കവര്‍ന്ന് കായലിലെറിഞ്ഞത്


എനിക്ക് ഭയമാണ്  
വെളുപ്പിനെ 
വെളുത്ത വസ്ത്രം ധരിച്ചതിനല്ലേ 
വെളുത്ത മനസ്സുള്ള എന്‍റെ 
പിതാവിനെ അവര്‍ 
ഭീകരനാക്കി തൂക്കി കൊന്നത് 


എനിക്ക് ഭയമാണ് 
തന്നുപ്പിനെ 
കുളിരുള്ളോരുപാതിരാ 
നേരത്തല്ലേ എന്‍റെ ഭാര്യ 
അന്യന്‍റെ ചൂട് തേടി പോകുന്നത് 
ഞാനാദ്യം കണ്ടറിഞ്ഞത് 
പിന്നെ അവളുടെ പേരില്‍ 
ഞാനുണ്ടാക്കിയ എന്‍റെ 
വീട്ടില്‍ നിന്നും അവരെന്നെ 
തള്ളിവിട്ടതും തണുത്ത 
മരവിപ്പിലേക്കായിരുന്നു


എനിക്ക് ഭയമാണ് 
എനിക്ക് ഭയമാണ് 
ജീവിതത്തെ ,ലോകത്തെ 
മനുഷ്യനെ എല്ലാം എല്ലാം 
എനിക്ക് ഭയമാണ് 


മനുഷ്യന് വിലയില്ലാത്ത 
മൂല്യത്തിനു നിലയില്ലാത്ത 
മാന്യതയും സഭ്യതയും 
ഒളിച്ചോടി പോയ ഈ 
ലോകത്തിലെനിക്കിനി
ജീവിക്കേണ്ടാ ....
എനിക്ക് മരിക്കണം 
എനിക്ക് മരിക്കണം 
എനിക്ക് മാന്യമായി 
ഒന്നു മരിക്കണം 
Jan 12, 2011

സ്വാര്‍ത്ഥത

സ്വര്‍ഗം കിട്ടാന്‍ മാതാപിതാക്കളെ
സ്നേഹിക്കണമെന്ന് ചെറുപ്പത്തില്‍
ഉസ്താദ്‌ ചൊല്ലി പഠിപ്പിച്ചു


തിളയ്ക്കുന്ന കൌമാരത്തില്‍
വളകിലുക്കി കാമുകി ചോദിച്ചു
"ഏറ്റവും പ്രിയപ്പെട്ടത് ഞാനല്ലേ ?"


"നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട "
എന്ന്‍ നിറുത്തുന്ന കത്തുകളിലൂടെ ഭാര്യ
 സ്നേഹം പിടിച്ച് വാങ്ങികൊണ്ടിരുന്നു


"എന്‍റെ പിതാവിന് ഞാന്‍ കഴിഞ്ഞിട്ടേ
ഉള്ളൂ മറ്റെന്തും " മകള്‍ കൂട്ടുകാരോട്
അഭിമാനത്തോടെ പറയുന്നത് കേട്ടു


 ഇനി ഞാനൊരു സത്യം പറയെട്ടെ
ആരും നിര്‍ബന്ധിക്കാതെ  ആരും
പറയാതെതന്നെ  ഞാന്‍ ഏറ്റവും അധികം 
സ്നേഹിച്ചിരുന്നത് എന്നെ തന്നെ ആയിരുന്നു 

Jan 3, 2011

എന്‍റെ ഹൃദയം


നീ ഓര്‍ത്തിരിക്കില്ല അന്ന്
ഞാന്‍ തന്ന കുന്നിക്കുരു
 നീ ദൂരെ എറിയുമ്പോള്‍ ,അത് -
എന്‍റെ  ഹൃദയം ആയിരുന്നെന്ന്...
അതിന്‍റെ ചുവപ്പ്  നിറം എന്‍റെ
ഹൃദയ രക്തം തന്നെ ആയിരുന്നെന്ന്.
അരുതെന്ന് ഞാന്‍ യാചിച്ചിട്ടും
അത് കേള്‍ക്കാതെ ആവേശത്തോടെ  
നീ അന്ന് അത് ദൂരെ എറിഞ്ഞു കളഞ്ഞു 
ഇന്നിപ്പോള്‍ നിന്നില്‍ നിന്നുംഏറെ അകലെ 
 രക്തം വാര്‍ന്നു വാര്‍ന്നു മണ്ണില്‍  
കിടന്നു പിടയുന്നുണ്ടാകും 
എന്‍റെ പാവം ഹൃദയം ......

Jan 1, 2011

പ്രവാസിയുടെ രോദനം


ഇവിടെ
ഞാനെന്നാല്‍ വെറും
ശരീരം മാത്രമാണ്
ഇവിടെ 
വീടെന്നാല്‍  നാലു 
ചുമരുകള്‍ മാത്രമാണ് 
ഇവിടെ
ഭക്ഷണമെന്നാല്‍  ജീവന്‍
നിലനിര്‍ത്താന്‍ വേണ്ടി മാത്രമാണ്
ഇവിടെ
സൗഹൃദം എന്നാല്‍
ഫേസ്ബുക്കും ചാറ്റിങ്ങും മാത്രമാണ്
ഇവിടെ
ജീവിതം എന്നാല്‍
ജോലി ചെയ്യലാണ്
ഇവിടെ
മനുഷ്യനെന്നാല്‍
യന്ത്രം മാത്രമാണ്
പിന്നെന്തിനു  ഇവിടെ ?
എന്ന് ചോദിക്കരുത്
കാരണം ...അതിനു
ഉത്തരം ഒന്നേ ഉള്ളൂ
അവിടെ ..............